നിശബ്ദതയല്ല വേണ്ടത്, തുറന്ന് സംസാരിക്കലാണ്….

September 13, 2024
Online Psychiatric Service in Kerala

ജീവിതത്തെ പാതിവഴിയില്‍ ഉപേക്ഷിച്ചവരുടെ കഥകളും കണക്കുകളും ഇന്നും അവസാനിച്ചിട്ടില്ല. ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം, പ്രതിവര്‍ഷം ഈ ലോകത്ത് ഏഴു ലക്ഷത്തിലധികം ആളുകള്‍ ആത്മഹത്യയിലൂടെ മരിക്കുന്നതായി കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ എഴുപതിനായിരത്തിലധികം ഇന്ത്യക്കാരും ഉണ്ട്. ദൈവത്തിൻ്റെ സ്വന്തം നാടെന്നും വിദ്യാസമ്പന്നരുടെ നാട് എന്നും അറിയപ്പെടുന്ന നമ്മുടെ കേരളം ഒട്ടും പിന്നിലല്ല. ഏറ്റവും കൂടുതല്‍ ആത്മഹത്യ നിരക്കുകള്‍ ഉള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് നമ്മുടെ കേരളം. വിദ്യാഭ്യാസവും സാമ്പത്തികവും എല്ലാം ഉണ്ടെങ്കിലും എന്തുകൊണ്ടാണ് നമ്മുടെ ഈ നാട്ടില്‍ ഇത്രയധികം ആത്മഹത്യ നിരക്കുകള്‍ കൂടുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ….?

പലപ്പോഴും പലരും പറയുന്നതും ചിന്തിക്കുന്നതും, സാമ്പത്തിക നഷ്ടമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കുടുംബ പ്രശ്‌നങ്ങളോ ആയിരിക്കും എന്നാണ്. ശരിയാണ് ഇതു തന്നെയായിരിക്കും പലപ്പോഴും ഒരു കാരണമായി വരുന്നത്. എന്നാല്‍ ആരെങ്കിലും ഒരാള്‍ അവരോടൊപ്പം ഒന്ന് സംസാരിക്കുവാനോ ഒന്ന് ചേര്‍ത്ത് നിര്‍ത്തുവാനോ ഉണ്ടായിരുന്നെങ്കില്‍ അവര്‍ ലോകത്ത് ഉണ്ടായേനെ. അപ്പോള്‍ അതിന്റെ മൂല കാരണമായി വരുന്നത് ഒറ്റപ്പെടല്‍ തന്നെയാണ്. ഒറ്റപ്പെടലും അതിലൂടെ വരുന്ന വിഷാദവുമാണ്.

എന്താണ് വിഷാദരോഗം ?

മസ്തിഷ്‌കത്തിനും നാഡീവ്യൂഹത്തിനുമുണ്ടാകുന്ന പ്രവര്‍ത്തനവ്യതിയാനമാണ് വിഷാദരോഗത്തിന് കാരണം. രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവര്‍ത്തികളെ നിയന്ത്രിക്കുന്ന ഗുരുതരമായ രോഗമാണിത്. മനുഷ്യന്റെ ഭക്ഷണരീതി, ഉറക്കം, വ്യക്തിത്വം എന്നിവയെ കടുത്ത തോതില്‍ സ്വാധീനിക്കുമ്പോഴാണ് വിഷാദം രോഗമായി മാറുന്ന സാഹചര്യമുണ്ടാവുന്നത്. വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ സമ്മര്‍ദ്ദങ്ങള്‍,സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമ്പോള്‍, ഇഷ്ടപ്പെട്ടവരുടെ സ്‌നേഹം നഷ്ട്ടമാകുമ്പോള്‍, കൗമാരക്കാര്‍ക്ക് എല്ലാവരുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിക്കാതെ വരുമ്പോള്‍ ഇങ്ങനെ പല കാരണങ്ങള്‍ വിഷാദ രോഗത്തിലേക്ക് നയിക്കാം.

മാനസികമായും ശാരീരികമായും വളരെ ബുദ്ധിമുട്ടിലാക്കുന്ന ഒരു രോഗമാണ് വിഷാദരോഗം. ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവരിലും വിഷാദരോഗം കണ്ടുവരുന്നുണ്ട്. വളരെ പെട്ടന്നുതന്നെ രോഗം തിരിച്ചറിഞ്ഞ് ചികില്‍സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയാണ് വിഷാദരോഗം. സാധാരണയായി കാണുന്ന രോഗങ്ങളില്‍ നിന്നും വ്യത്യസ്ഥമായിരിക്കും വിഷാദം. കാരണം പലപ്പോഴും മാനസ്സികമായി തളരുന്നത് തന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നത് ഉള്‍കൊള്ളാന്‍ ശരീരത്തിനും മനസ്സിനും ഒരുപോലെ സാധിക്കാതെ വരുമ്പോള്‍ മാനസ്സികമായി തളരുന്നു. ഇത് പിന്നീട് വിഷാദരോഗമായി മാറുകയും ചെയ്യുന്നു. സാധരണയായി കാണുന്ന മാനസ്സിക ലക്ഷണങ്ങള്‍ പലപ്പോഴും ആരും ശ്രദ്ധിക്കുന്നില്ല ആദ്യം തന്നെ തന്നിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ തിരിച്ചറിയണം.

സാധാരണയായി കാണുന്ന ലക്ഷണങ്ങള്‍ 

– ഭക്ഷണ ശീലങ്ങളില്‍ മാറ്റം വരുന്നു

– ഏകാന്തത അനുഭവപ്പെടുന്നു

– നിരന്തരമായ നിരാശ അനുഭവപ്പെടുന്നു

– കുടുംബവുമായും സുഹൃത്തുക്കളുമായും വഴക്കുകള്‍

– സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ മറ്റുള്ളവര്‍ക്ക് ദോഷം ചെയ്യുന്നതിനെക്കുറിച്ചോ ചിന്തിക്കുന്നു

– ദൈനംദിന ജോലികള്‍ ചെയ്യാന്‍ കഴിയാതെ വരുന്നു.

– ആശയക്കുഴപ്പം, കോപം, കുറ്റബോധം അല്ലെങ്കില്‍ ഉത്കണ്ഠ എന്നിവ തോന്നുന്നു

– ജീവിതത്തോട് മടുപ്പ്

ഈ ലക്ഷണങ്ങളാണ് സാധരണയായി മാനസ്സികമായി ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരില്‍ കാണുന്നത്.

ചികിത്സാരീതികള്‍ എങ്ങനെ..?

വിഷാദരോഗത്തിന് തുടക്കം മുതലേ ചികിത്സ ആവശ്യമാണ്.

– സൈക്കോതെറാപ്പി

– കൗണ്‍സിലിംഗ്

– സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍

– ഗ്രൂപ്പ് വര്‍ക്കുകള്‍

തെറാപ്പികളിലൂടെ മരുന്നുകള്‍ ഇല്ലാതെ തന്നെ ചികിത്സിക്കാം. എന്നാല്‍ ചിലരുടെ മാനസ്സികാവസ്ഥ വളരെ മോശമായിരിക്കും. അവര്‍ക്ക് മരുന്നുകള്‍ ആവശ്യമായി വരാം. ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ചികില്‍സിക്കുകയാണെങ്കില്‍ പൂര്‍ണമായും രോഗം ചികില്‍സിച്ച് ഭേദമാക്കാനാകും.

ജീവിതം ഓരോ നിമിഷവും വെല്ലുവിളികള്‍ നിറഞ്ഞതാണ്. മാനസിക വിഷമവും വിഷാദാവസ്ഥയും ഉത്കണ്ഠയും എല്ലാം അതിന്റെ ഭാഗമാണ്. എന്തിരുന്നാലും അതില്‍ നിന്നൊക്കെ നമ്മളെ പുറത്തു കൊണ്ടുവരുവാന്‍ നമ്മള്‍ ഇഷ്ടപെടുന്ന ഒരുപാട് ഘടകങ്ങള്‍ ചുറ്റുമുണ്ട്. അതെല്ലാം കണ്ടെത്തി ജീവിക്കുകയാണ് നമ്മുടെ ജീവിതത്തിന്റെ ലക്ഷ്യം പാതിവഴിയില്‍ അടര്‍ന്നുവീഴാതെ ജീവിതത്തില്‍ ഒരു ലക്ഷ്യവുമായി മുന്നോട്ടുപോവുക.

ആത്മഹത്യ കുറിച്ചുള്ള ആഖ്യാനം മാറ്റുക എന്നതാണ് ഈ വര്‍ഷത്തെ ലോക ആത്മഹത്യ പ്രതിരോധ ദിനത്തിന്റെ പ്രേമയം. അതില്‍ നമ്മള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് പരസ്പരമുള്ള ആശയവിനിമയം പുനരാരംഭിക്കുക എന്നതിലാണ്, പരസ്പരമുള്ള സംഭാഷണങ്ങള്‍ നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ അവിടെ ബന്ധങ്ങള്‍ അകലുന്നു ഈ അകല്‍ച്ച പലപ്പോഴും പലര്‍ക്കും താങ്ങുവാന്‍ കഴിയുന്നില്ല അല്ലെങ്കില്‍ അവര്‍ക്ക് മറ്റൊരാളെ ആസ്ഥാനത്തേക്ക് കൊണ്ടുവരുവാന്‍ കഴിയുന്നില്ല.

നിശബ്ദതയല്ല വേണ്ടത്, തുറന്ന് സംസാരിക്കലാണ്…. നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്തായി കേരളത്തിലെ ഏറ്റവും നല്ല കൗണ്‍സിലിംഗ് സെന്റര്‍ ആയ ആത്മ മൈ മൈന്റ് മൈ കെയര്‍ഉണ്ടായിരിക്കും.