എത്ര തവണ പിടിക്കപ്പെട്ടാലും ഞാന്‍ ഈ പണി തന്നെ എടുക്കും

August 21, 2024

എത്ര തവണ പിടിക്കപ്പെട്ടാലും ഞാന്‍ ഈ പണി തന്നെ എടുക്കും!! ഇതില്‍ നിന്ന് കിട്ടുന്ന അത്രയും ലാഭം വേറെ ഒന്നില്‍ നിന്നും കിട്ടില്ല….ഒരു പാക്കറ്റില്‍ ലാഭം 500 മുതല്‍ 1000 വരെയാണ്, ഇക്കാലത്ത് പണിയെടുത്താല്‍ കിട്ടുമോ അത്രയും?

മയക്കുമരുന്ന് കേസില്‍ പിടിയിലായ ഒരാളുടെ വാക്കുകളാണ്, തുടര്‍ന്നുള്ള സംഭാഷണത്തില്‍ പറയുന്നത് എന്റെ മക്കള്‍ ഒന്നും ഇത് ഉപയോഗിക്കാറില്ല എന്ന കാര്യം എനിക്ക് ഉറപ്പാണ്. അവര്‍ക്കറിയാം ഇതിന്റെ ദോഷങ്ങള്‍. ഇങ്ങനെയാണ് പലരും നമ്മുടെ മക്കളെ കെണിയില്‍ ആക്കുന്നത്. ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ദോഷഫലങ്ങളെ കുറിച്ച് ആരും മനസ്സിലാക്കുന്നില്ല പലപ്പോഴും പാഠപുസ്തകങ്ങളില്‍ നിന്നും പഠിക്കുന്നുണ്ടെങ്കിലും അവര്‍ അതിനെ ഗൗരവമായി കാണുന്നില്ല. കാരണം പലപ്പോഴും അവരുടെ കുടുംബ സാഹചര്യമോ അല്ലെങ്കില്‍ അവര്‍ വളര്‍ന്നുവരുന്ന സാമൂഹിക പശ്ചാത്തലമോ ആയിരിക്കും ഇതിനുള്ള ഒരു കാരണമായി അവര്‍ പലപ്പോഴും പറയാറുള്ളത്.

പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരു പോലെ ലഹരിയ്ക്ക് അടിമയാണ്. രണ്ട് വര്‍ഷം മുമ്പ് വരെ ആണ്‍കുട്ടികളാണ് ലഹരിയ്ക്ക് അടിമപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് തിരിച്ചാണ്, പലരും അവരുടെ ലഹരിമാഫിയയുടെ കണ്ണികളായി ഉപയോഗിക്കുന്നത് പെണ്‍കുട്ടികളെയാണ്. ഇതിനുള്ള പ്രധാന കാരണം പെണ്‍കുട്ടികളായാല്‍ ആര്‍ക്കും സംശയം തോന്നില്ല എന്നതാണ്. ലഹരി ഉപയോഗിക്കുന്ന പലരും ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളാണ് കാരണമായി പങ്കുവെയ്ക്കുന്നത്.

അപകടങ്ങള്‍ തിരിച്ചറിയാതെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ യുവതി യുവാക്കള്‍ ലഹരി വാഹകരായി മാറുന്നു. നേരം പോക്കിനായി തുടങ്ങുന്ന ഉപയോഗം എം.ഡി.എം.എ. പോലുള്ള മാരക ലഹരികളിലേക്ക് എത്തുന്നു ഇവര്‍ക്ക് ഒരേ സമയം പണവും ലഹരിയും കിട്ടുന്നു. അതേസമയം വിദ്യാര്‍ത്ഥികളില്‍ ചെറിയ ശതമാനം മാത്രമേ ആസ്വദിച്ചു പരീക്ഷിക്കാന്‍ തുടങ്ങുന്നുള്ളൂ, പലരും കൂട്ടുകാരുടെയൊ അല്ലെങ്കില്‍ അവര്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുകയോ, സ്‌നേഹിക്കുകയോ ചെയ്യുന്നവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയിട്ടുമാണ് അടിമകളും വാഹകരുമായി മാറുന്നത്.അല്ലെങ്കില്‍ സമാധാനമില്ലാത്ത കുടുംബാന്തരീക്ഷത്തില്‍ നിന്നു വരുന്നവരാണ്.

കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ കൊടുക്കുന്ന അമിത സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നുവരുമുണ്ട്. മയക്കുമരുന്നെന്ന കൊലയാളി കൊണ്ടുചെന്ന് എത്തിക്കുന്ന അടുത്ത ലോകം കുറ്റകൃത്യങ്ങളുടേതാണ്. തുടക്കത്തില്‍ത്തന്നെ തിരുത്താന്‍ കഴിയാത്ത കുട്ടികള്‍ പിന്നീട് വലിയ കുറ്റകൃത്യങ്ങളുടെ ഭാഗമാവുകയോ സ്വന്തം നിലയില്‍ത്തന്നെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നു. മാരകമായ മയക്കുമരുന്നുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരാണ് കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘാംഗങ്ങളില്‍ ബഹുഭൂരിപക്ഷവുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. മയക്കുമരുന്നു അവരുടെ തലയില്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നതോടെ ആരെയും എന്തും ചെയ്യാനുള്ള ‘ധൈര്യം’ അവര്‍ക്ക് ഉണ്ടാകുന്നു. ഇത് ബന്ധങ്ങളെ മറന്നു പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതിന്റെ തുടക്കം മാത്രമാണ് കുട്ടികളില്‍ കാണുന്ന പെട്ടന്നുള്ള സ്വഭാവമാറ്റം.

നമ്മുടെ കുട്ടികളെ ലഹരിയുടെ അടിമത്വത്തില്‍ നിന്നും മാറ്റുവാന്‍ മാതാപിതാക്കളും സമൂഹവും അധ്യാപകരും ഒരു പോലെ പ്രവര്‍ത്തിക്കണം അവരുടെ സ്വഭാവത്തില്‍ കാണുന്ന ചെറിയ മാറ്റങ്ങളെപ്പോലും വളരെ ശ്രദ്ധയോടെ വീക്ഷിച്ച് അവരോട് തുറന്ന് സംസാരിക്കണം.

 

ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

  • കുട്ടികളിലെ അമിതവികൃതി

ഇത്തരംകുട്ടികളുടെ ശരീരത്തില്‍ ഡോപമിന്റെ അളവ് വളരെ കുറവാകും. ഇത്തരക്കാര്‍ക്ക് ശ്രദ്ധക്കുറവുണ്ടാകും. ഒരുകാര്യവും ആസ്വദിക്കാന്‍ പറ്റാതെ വരും. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപര്‍ ആക്ടിവിറ്റി ഡിസോഡര്‍ (എഡി.എച്ച്.ഡി.) എന്നാണ് ഈ രോഗവസ്ഥയുടെ പേര്. ഇത്തരംകുട്ടികള്‍ക്ക് സന്തോഷം കിട്ടുന്നത് അപകടസാധ്യതയുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴാണ്. അമിതവേഗത്തില്‍ വണ്ടിയോടിക്കുക, ലഹരിവസ്തുക്കള്‍ ഉപയോഗിക്കുക എന്നിവയൊക്കെ ചെയ്യാന്‍ വളരെ അധികം സാധ്യതയുണ്ട്.

  • കുറ്റകൃത്യവാസനകള്കാണിക്കുന്നവര്

ചെറുപ്പത്തിലേതന്നെ മോഷണം, കളവുപറച്ചില്‍, മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ സന്തോഷം കണ്ടെത്തുക തുടങ്ങിയ സ്വഭാവമുള്ള കുട്ടികള്‍ കൗമാരമെത്തുമ്പോള്‍ ലഹരിക്കടിമപ്പെടാന്‍ സാധ്യതയുണ്ട്.

  • മാതാപിതാക്കളുമായി നല്ലബന്ധമില്ലാത്തവര്

മാതാപിതാക്കളുമായി നല്ല ബന്ധമില്ലാത്ത കുട്ടികള്‍, തകര്‍ന്ന കുടുംബ പശ്ചാത്തലത്തിലുള്ളവര്‍, മാതാപിതാക്കള്‍തന്നെ ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന കുടുംബത്തില്‍നിന്നു വരുന്നവര്‍…ഇത്തരം കുട്ടികളൊക്കെ മയക്കുമരുന്നിന് അടിമകളാകാന്‍ സാധ്യത കൂടുതലാണ്.

  • അമിതമായി ടെന്ഷന്ഉള്ള കുട്ടികള്

പൊതുവേ ടെന്‍ഷന്‍ ഉള്ള, കുട്ടികള്‍, നിസ്സാരകാര്യത്തിന് ഉത്കണ്ഠപ്പെടുന്ന കുട്ടികള്‍ എല്ലാം പരീക്ഷണത്തിനോ ഔഷധമെന്നു കരുതിയോ മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി കാണാറുണ്ട്.

 

മാതാപിതാക്കള് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

  • കുട്ടികളുമായി നിരന്തരം ആശയവിനിമയം നടത്തുക.
  • കുട്ടികളുടെ അധ്യാപകരുമായി മാതാപിതാക്കള്‍ ബന്ധം സ്ഥാപിക്കുക.
  • ഒരോ ഘട്ടത്തിലും കുട്ടികളുടെ കൂട്ടുകെട്ടുകളെക്കുറിച്ച് അറിഞ്ഞിരിക്കുക.
  • കുട്ടികളുടെ മുറി, ബാഗ് എന്നിവ പരിശോധിക്കുക.
  • പണം ചെലവാക്കുന്ന വഴികളെക്കുറിച്ച് ധാരണയുള്ളവരായിരിക്കുക.
  • കുട്ടികള്‍ പറയുന്നത് പൂര്‍ണമായും വിശ്വസിക്കാതെ അന്വേഷിച്ച് വിലയിരുത്തുക.
  • പഠനനിലവാരത്തില്‍ വരുന്ന മാറ്റം ശ്രദ്ധിക്കുക.

 

അധ്യാപകര് ശ്രദ്ധിക്കേണ്ട കാര്യങ്ങള്

  • കുട്ടികളുടെ സ്വഭാവമാറ്റങ്ങളെ ശ്രദ്ധിക്കുക.
  • കൂട്ടുകാരുമായുള്ള പെരുമാറ്റം ശ്രദ്ധിക്കുക.
  • മാതാപിതാക്കളുമായി നല്ല രീതിയിലുള്ള ബന്ധം പുലര്‍ത്തുക.
  • കുട്ടികളെ സുഹൃത്തുക്കളെ പോലെ കണ്ട് പെരുമാറുക.
  • കുട്ടികളുടെ പുസ്തകങ്ങള്‍, ബാഗ് എന്നിവ പരിശോധിക്കുക.
  • അധ്യാപകരില്‍നിന്നും അടുത്ത കൂട്ടുകാരില്‍നിന്നും അകലം പാലിക്കുന്നത് ശ്രദ്ധിക്കുക.
  • പെട്ടന്ന് ഉള്ള ചെറിയ കാലയളവില്‍ പഠനത്തില്‍ നിന്നും പുറകിലാകുന്നത് ശ്രദ്ധിക്കുക.

നമ്മുടെ സമൂഹത്തിന്റെ ഭാവി വരും തലമുറയുടെ കൈകളിലാണ്. യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം തകര്‍ത്ത് നമ്മുടെ സമൂഹത്തിന്റെ ഭാവി അപകടത്തിലാക്കാന്‍ മയക്കുമരുന്നിനെ അനുവദിക്കരുത്. മയക്കുമരുന്ന് ദുരുപയോഗത്തെ ചെറുക്കാന്‍ നിയമപരമായ നിയന്ത്രണങ്ങള്‍ മാത്രം പോരാ. സമൂഹം മൊത്തത്തില്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം.

യുവാക്കള്‍ നേതൃത്വം നല്‍കുകയും ഓരോ വ്യക്തിയും കുടുംബങ്ങളും ഇതില്‍ പങ്കാളികളാകുകയും വേണം. എപ്പോഴും കുടുംബമാണ് ഒരു കുട്ടിയുടെ ആദ്യത്തെ മാതൃക കുട്ടികള്‍ ആദ്യം കാണുന്നത് സ്വന്തം മാതാപിതാക്കളെയാണ്. അവരുടെ പെരുമാറ്റങ്ങളെയാണ് മക്കള്‍ ആഗിരണം ചെയ്യുന്നത്. നാളെയുടെ വാഗ്ദാനങ്ങളായി വളരേണ്ടത് നമ്മളുടെ മക്കള്‍ തന്നെയാണ്. അവരുടെ ഭാവി സുരക്ഷിതമാക്കേണ്ടതും നമ്മള്‍ തന്നെയാണ്. ലഹരിയുടെ വലയത്തില്‍ കുടുങ്ങാതെ അവരെ രക്ഷിക്കുക എന്നത് മാതാപിതാക്കളുടെയും സമൂഹത്തിന്റെയും കടമയും അത് ഉപയോഗിക്കാതിരിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വവും ആണ്.

നിങ്ങള്‍ക്കോ നിങ്ങളുടെ മക്കള്‍ക്കോ മുകളില്‍ പറഞ്ഞ എന്തെങ്കിലും സ്വഭാവമാറ്റങ്ങള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ആത്മയുമായി ബന്ധപ്പെട്ട് നിങ്ങളുടെ ലഹരിയുടെ ഉപയോഗത്തെ സാവധാനത്തില്‍ മാറ്റിയെടുക്കാം. അതിനായി നിങ്ങള്‍ക്കൊപ്പം ആത്മയും ഉണ്ട്. ലഹരിയോട് വലിയ ഒരു നോ പറയാന്‍ ആത്മ നിങ്ങളെ സഹായിക്കും.