ബന്ധങ്ങൾ ബന്ധനങ്ങൾ ആണോ

August 21, 2024
നല്ല ബന്ധങ്ങള് ഉണ്ടാക്കുന്നതിലും അവ നിലനിര്ത്തുന്നതിലും നമ്മള് എപ്പോഴും ശ്രദ്ധാലുക്കളാണ്. ഇന്ന് ബന്ധങ്ങളില് പണ്ട് കാലങ്ങളില് ഉള്ളതിനെക്കാള് കൂടുതല് വ്യത്യാസങ്ങളും , ചേര്ച്ചയില്ലായ്മയും കണ്ടുവരുന്നുണ്ട്. കുടുംബന്ധങ്ങള്, സൗഹൃദം, സഹോദരബന്ധങ്ങള് എന്നിങ്ങനെ നാം കാണുന്ന എല്ലാ ബന്ധങ്ങളിലും അറിഞ്ഞും അറിയാതെയും വേര്ത്തിരിവുകളും അതിര്വരമ്പുകളും നാം സൃഷ്ടിച്ച് തുടങ്ങി. ഇന്നത്തെ സാമൂഹിക അന്തരീക്ഷമാണ് അതിന് പ്രധാനമായ കാരണം. ബന്ധങ്ങളെ ബന്ധനങ്ങളായി കാണുന്നവരാണ് ഇന്നതെ ഭൂരിഭാഗം ആള്ക്കാരും. പണ്ടുകാലത്തു ബന്ധങ്ങളിലുണ്ടായിരുന്ന പവിത്രത ഇന്ന് നഷ്ടപ്പെട്ടു. കൂട്ടുകുടുംബത്തില് നിന്നും അണുകുടുംബത്തിലേക്ക് കടന്നു വന്നപ്പോള് നഷ്ടമായ സാമൂഹിക മൂല്യങ്ങള് തന്നെയാണ് ബന്ധങ്ങളുടെ മോശം അവസ്ഥയിലേക്ക് വഴി തെളിച്ചത്തിന്റെ പ്രധാന കാരണം.
കുടുംബ ബന്ധങ്ങളില് വരുന്ന വീഴ്ച്ചകള്, സാമൂഹികമായും മാറ്റങ്ങള് വരുത്തും. പാശ്ചാത്യ ജീവിത അനുകരണങ്ങള് ഓരോ വ്യക്തിയെയും അവരുടെ മൂല്യ സങ്കല്പ്പങ്ങളില് നിന്ന് മാറ്റി ചിന്തിപ്പിക്കാന് പ്രേരിപ്പിക്കും. ഇന്ന് വ്യക്തി ബന്ധങ്ങളെല്ലാം സ്വാര്ഥവല്കരിക്കപ്പെട്ടു തുടങ്ങി. ബന്ധങ്ങള് മൂലമുള്ള യാതൊരു കെട്ടുപാടുകളും ഇഷ്ടപ്പെടാത്ത ഒരു സമൂഹമാണ് ഇന്നുള്ളത്. ഓരോ ബന്ധങ്ങളെയും നാം വളരെ ബഹുമാനത്തോടെയായിരിക്കണം നാം നോക്കികാണെണ്ടത്.
രക്തബന്ധങ്ങള്ക്കപ്പുറം ഒരു വ്യക്തിയെ ആഴത്തില് സ്വാധീനിക്കുന്നതാണ് സൗഹൃദങ്ങൾ. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ ഏതൊരു ആപത്ഘട്ടത്തിലും കൂടെ നില്ക്കുന്ന സൗഹൃദങ്ങള് ഒരു വലിയ മുതല്ക്കൂട്ട് തന്നെയാണ്. എന്നാല് കാലത്തിന്റെ മാറ്റങ്ങള് സുഹൃത് ബന്ധങ്ങളെയും മോശമായി സ്വാധീനിച്ചു. സ്വന്തം നേട്ടം മാത്രം ലക്ഷ്യംവച്ചുള്ള സൗഹൃദങ്ങളാണ് ഇന്നത്തെ തലമുറയില് ഭൂരിഭാഗവും കാണുന്നത്. ഇന്ന് സാമൂഹിക മാധ്യമങ്ങളാണ് സൗഹൃദത്തിന്റെ അടിസ്ഥാനം നിര്ണ്ണയിക്കുന്നത്. പരസ്പരം നേരിട്ടറിയാത്ത സൗഹൃദങ്ങള് സ്ഥാപിച്ച് കൊണ്ട് പല വിധത്തിലുമുള്ള ദുരുപയോഗങ്ങളിലേയ്ക്കും വഴിമാറുന്നത് ഇന്ന് സാധാരണമായ ഒന്നായി മാറികഴിഞ്ഞു.
സൗഹ്യദ ബന്ധങ്ങളുടെ തകര്ച്ചയ്ക്ക് കാരണം നമ്മള് ഓരോരുത്തര്ക്കും നിശ്ചയിച്ചിട്ടുള്ള വിലകളാണ്. അതിനനുസരണമായി നമ്മോട് അവര് പെരുമാറാതെ വരുമ്പോള് ബന്ധങ്ങളില് അകല്ച്ചയായി, വിദ്വേഷമായി. സ്വാര്ഥത നിറഞ്ഞ മനോഭാവത്താല്, നമുക്ക് തിരിച്ച് കിട്ടാത്തതിനെ ഓര്ത്ത് ആകുലരാകുകയും ചെയ്യുന്നു. കൂട്ടുകാർ തമ്മിലുള്ള ബന്ധത്തില് അസൂയയാണ് പലപ്പോഴും വില്ലനാകുന്നത്. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഉന്നമനമോ,പദവിയോ, സ്വത്തോ, നേട്ടമോ ഒക്കെ ഒരാൾക്കു ലഭിക്കുമ്പോള് മറ്റൊരാളിൽ അത് അസൂയ വളർത്തുകയും പിന്നീടത് വലിയ അകല്ച്ചയിലേക്കും നീങ്ങുന്നുന്നതായി നമ്മുക്ക് കാണാം.
ഇനിയിത് കുടുംബന്ധങ്ങളിലേയ്ക്കും, ദാമ്പത്യബന്ധത്തിലേയ്ക്കും കടന്ന് വരുമ്പോള്, വിവാഹമെന്നത് പവിത്രമായി കരുതിയിരുന്ന സങ്കല്പ്പങ്ങള്ക്ക് വിരാമമിട്ട് വിവാഹത്തെ വെറുമൊരു സാമൂഹിക വ്യവസ്ഥിതിയായി മാത്രമായാണ് പലരും കാണുന്നത്. അപ്പോള് വിവാഹമോചനത്തെ ഏറ്റവും നിസ്സാര പ്രക്രിയയിലേക്ക് വഴി മാറ്റുന്നു. കുടുംബ ബന്ധങ്ങളില് അടുത്തിടെയായി പ്രത്യേകിച്ച്, ഭാര്യാഭര്ത്താക്കന്മാര്ക്കിടയില് മാനസിക ഐക്യം കുറവാണെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ഇതിന് കാരണമാകുന്ന ഘടകങ്ങളാണ് പങ്കാളിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന സംശയകരമായ പെരുമാറ്റം, മദ്യപാനം, മാനസികമായഅവഗണന, ശാരീരികമായ പീഡനങ്ങള് എന്നിവയെല്ലാം. ഇത്തരം കാരണങ്ങള് പലപ്പോഴും വിവാഹേതര ബന്ധങ്ങളിലേക്കും, കുടുംബം ഉപേക്ഷിച്ച് ഇറങ്ങിപ്പോകുന്ന അവസ്ഥയിലേക്കും, പങ്കാളികളില് ഒരാളുടെ കൊലപാതകത്തില് വരെ എത്തുന്ന നിലയിലേക്കും വളരുന്നു. ഇതില് ഭാര്യയും, ഭര്ത്താവും ഒരു പോലെ തന്നെയാണ്. ചെറുപ്പത്തില് തന്നെ ജീവിതത്തിന്റെ ഇരുണ്ട മുഖം കണ്ടറിയുന്ന കുട്ടികള് പിന്നീട് ജീവിതത്തോട് പകയും, വെറുപ്പും വച്ച് പുലര്ത്തുകയും, പിന്നീട് സാമൂഹ്യ വിരുദ്ധരായി മാറുകയും ചെയ്യുന്നു.
പ്രണയം എന്ന വികാരത്തിനും ഇന്ന് വളരെയധികം മാറ്റം സംഭവിച്ചു. പരസ്പര വിശ്വാസവും, സ്നേഹവും നഷ്ടപ്പെട്ട് സ്വാര്ഥതയുടെ മൂടുപടമണിഞ്ഞ് പ്രണയത്തെ കാണുന്നവരും, നിസ്സാര തെറ്റിദ്ധാരണകളുടെ പേരില് പ്രണയിക്കുന്ന വ്യക്തിയെ പെട്രോള് ഒഴിച്ച് തീ കൊളുത്തി കൊല്ലുന്ന പ്രണയിതാവും വിഷം കൊടുത്തു കൊല്ലുന്ന പ്രണയിനിയും ഇന്ന് നമ്മുടെ ചുറ്റിലുമുണ്ട്. പ്രണയത്തിനുണ്ടായ മറ്റൊരു ഗതിമാറ്റം എന്ന് പറയുന്നത് വെറും ശാരീരികാസക്തിയിലേക്ക് അത് വഴിമാറി എന്നതാണ്. പരിശുദ്ധവും,നിഷ്‌കളങ്കവുമായ സങ്കല്പ്പങ്ങളൊക്കെ ഇന്ന് കാമത്തിന് വഴി മാറി. ബന്ധങ്ങളുടെ മൂല്യമറിയാത്തെയുള്ള പ്രവർത്തികളാണ് ഇതിന് പ്രധാന കാരണം.
ബന്ധങ്ങള് നല്ല രീതിയില് മുന്നോട് പോകുവാന് നാം ചേര്ക്കേണ്ടതും അല്ലാത്തതുമായ കാര്യങ്ങള് നോക്കാം.
തെറ്റിദ്ധാരണ
പല ബന്ധങ്ങളും തകരുന്നതിന് പിന്നിലെ ഒരു കാരണം തെറ്റിദ്ധാരണയാണ്. ഒരാളുടെ വാക്കിനെയോ, അയാള് ചെയ്ത പ്രവൃത്തിയെയോ, സാഹചര്യങ്ങളെയോ മുന്വിധിയോടെ നോക്കിക്കാണുമ്പോള് അവിടെ തെറ്റിദ്ധാരണ സംഭവിക്കുന്നു. കഴിവതും ഇത്തരം തെറ്റിദ്ധാരണകളെ മനസ്സില് മൂടി വയ്ക്കാതെ പറഞ്ഞു തിരുത്തുക. മനസ്സിന്റെ തെറ്റായ ചിന്തകളില് നിന്നും ഉടലെടുക്കുന്ന കാര്യങ്ങള് ബന്ധങ്ങളെ നശിപ്പിക്കാനേ ഉപകരിക്കൂ.
മുന്വിധികള്
ഒരിക്കലും മുന്വിധിയോടെ ബന്ധങ്ങളെ സമീപിക്കരുത്. നമ്മുടെ ചിന്താഗതിയില് തോന്നുന്നവ ഒരു പക്ഷേ ആ വ്യക്തിയുമായി ചേര്ന്നു പോകുന്നതായിരിക്കില്ല. മുന്വിധികള് മാറ്റിവച്ച് പക്വതയാര്ന്ന സമീപനമാണ് എപ്പോഴും ബന്ധങ്ങള് മെച്ചപ്പെടുത്താന് സ്വീകരിക്കേണ്ടത്.
സ്വാര്ത്ഥത
ഒരാളില് നിന്ന് എന്ത് നേട്ടമുണ്ടാകും എന്ന് ചിന്തിക്കുന്നിടത്തും, ഒരാളെ പ്രലോഭിപ്പിച്ച് സ്വന്തം വിജയം നേടുന്നിടത്തും സ്വാര്ഥ താല്പര്യങ്ങളാണ് മുന്നിട്ട് നില്ക്കുന്നത്. ആവശ്യം കഴിഞ്ഞ് ഇവര് ബന്ധങ്ങളെ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഒന്നും പ്രതീക്ഷിക്കാതെ, ആത്മാര്ഥമായുള്ള
സ്നേഹത്തിന് മാത്രം വില കൊടുക്കുക.
ഈ മൂന്ന് കാര്യങ്ങള് നമ്മുടെ ഓരോ ബന്ധങ്ങളില് നിന്നും ഒഴിവാക്കിയാല് നമ്മുടെ ബന്ധങ്ങളെ കെട്ടുറപ്പോടെ മുന്നോട് കൊണ്ടുപോകുവാന് സാധിക്കും. ഇവക്കൊപ്പം തന്നെ ബന്ധങ്ങളില് ചേര്ക്കേണ്ട ചില കാര്യങ്ങളുമുണ്ട്.
സ്വാതന്ത്ര്യം
ഒരു ബന്ധത്തിന്റെ സ്വീകാര്യത എന്ന് പറയുന്നത് തന്നെ വ്യക്തികള് തമ്മില് തമ്മില് നല്കുന്ന സ്വാതന്ത്ര്യം തന്നെയാണ്. സ്വതന്ത്രമായി ഇടപെടാന് സാധിക്കുന്നിടത്താണ് ബന്ധങ്ങള് നിലനില്ക്കുന്നത്. മാതാപിതാക്കള് മക്കളോടും, സഹോദരങ്ങള് പരസ്പരവും,സുഹൃത്തുക്കള് തമ്മിലുമുള്ള ബന്ധങ്ങളില് ഒരിക്കലും വ്യക്തി സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന വിധത്തിലുള്ള പ്രവൃത്തികള് ഉണ്ടാകരുത്. ഇന്നത്തെ സാമൂഹിക അന്തരീക്ഷത്തില് സ്വാതന്ത്ര്യം ദുര്വിനിയോഗം ചെയ്യുന്നവരും, സ്വാതന്ത്ര്യം കിട്ടാതെ അതിന് വേണ്ടി ആഗ്രഹിച്ച് തെറ്റിലേക്ക് നീങ്ങുന്നവരും വളരെയധികം ഉണ്ട്.സ്വാതന്ത്ര്യം വ്യക്തിബന്ധങ്ങളുടെ ഭദ്രതയ്ക്ക് ഏറ്റവും ആവശ്യമാണ്.
ആത്മാര്ഥത
ബന്ധങ്ങളില് ആത്മാര്ഥത ഇന്ന് വിരളമായി മാറുകയാണ്. ബന്ധങ്ങള് തകരാന് ഇത് പ്രധാനമായ കാരണമാകുന്നു. വിശ്വാസപൂര്വ്വം തെളിഞ്ഞ മനസ്സോടെ ബന്ധങ്ങളെ മുറുകെപ്പിടിക്കുക. അത്തരം ബന്ധങ്ങള്ക്കേ നിലനില്പ്പുണ്ടാവൂ.
സ്നേഹം
സ്നേഹത്തിന്റെ അഭാവം മൂലമാണ് പല ബന്ധങ്ങളും നശിച്ചു പോകുന്നത്. ആത്മാര്ഥമായുള്ള സ്നേഹം, അത് ബന്ധങ്ങളിലെ വിള്ളലുകള് മാറ്റി കൂടുതല് ശോഭയുള്ളതാക്കും. ഒന്നും പ്രതീക്ഷിക്കാതെ, സ്നേഹിക്കുമ്പോള് അത് നല്കുന്നയാളും, സ്വീകരിക്കുന്നയാളും തമ്മിലുള്ള അടുപ്പം ദൃഢതയുള്ളതാകുന്നു.
ഓരോ വ്യക്തിക്കും അവരവരുടേതായ ഇഷ്ടാനിഷ്ടങ്ങളും, ആശകളും, ആകുലതകളും ഒക്കെയുണ്ടാവും. അവയെല്ലാം പരിഹരിക്കപ്പെടാതെ വരുമ്പോഴാണ് ബന്ധങ്ങളില് ഏറ്റക്കുറിച്ചിലുകള് ഉണ്ടാകുന്നത്. പലപ്പോഴും ബന്ധങ്ങളുടെ വിലയറിയാത്ത മൂന്നാമതൊരാളുടെ നിലപാട് പ്രശ്നത്തിലേക്ക് നയിക്കുന്ന കാഴ്ചയാണ് നാം ഏറെ കാണുന്നത്. ബന്ധങ്ങള് സുസ്ഥിരവും, ദൃഢവുമാകണമെങ്കില് അത് സ്നേഹത്തില് അധിഷ്ഠിതമായി രൂപം പ്രാപിക്കണം. പരസ്പര വിശ്വാസവും, ബഹുമാനവും വളർത്തണം. ഒരു വ്യക്തിയുടെ സംസാരവും, പെരുമാറ്റവും, ചിന്തകളുമാണ് ഒരാളെ ഇഷ്ടപ്പെടാന് മറ്റൊരാളെ പ്രാപ്തനാക്കുന്നതില് മുഖ്യ ഘടകമായി നിലകൊള്ളുന്നത്. അകല്ച്ചയുണ്ടാവാതെ ഓരോ ബന്ധങ്ങളെയും കൊണ്ടുപോകുവാന് നാം ശ്രദ്ധിക്കണം.
ബന്ധങ്ങളില് വരുന്ന ചെറിയ അകല്ച്ചകളും സ്വരച്ചേര്ച്ച ഇല്ലായ്മയും തുടക്കത്തില് തന്നെ ഒട്ടുമിക്ക ആള്ക്കാരും ശ്രദ്ധ നല്കാറില്ല. അല്പസമയം കഴിയുമ്പോള് എല്ലാം റെഡിയാകും എന്ന ചിന്താഗതിയും അല്ലെങ്കില് മറ്റേയാള് ആദ്യം വന്നു സംസാരിക്കട്ടെ എന്ന തോന്നലും ഉണ്ടാകുമ്പോള് ബന്ധങ്ങളില് ഉണ്ടാകുന്ന അകല്ച്ചയുടെ ആഴം കൂടുന്നു. ഇത്തരം അകല്ച്ചയും ചേര്ച്ചയില്ലായ്മയും പിന്നീട് കൂട്ടിച്ചേര്ക്കാന് സാധിക്കാത്ത വിധം ചിലപ്പോള് നഷ്ടമായേക്കാം. നിങ്ങളുടെ ബന്ധങ്ങളില് അകല്ച്ചയുണ്ടാകാതെ ശ്രദ്ധിക്കണം അതിനായി നിങ്ങള്ക്കൊപ്പം ആത്മയും ഉണ്ട്. സൗഹൃദബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും നിങ്ങള് അനുഭവിക്കുന്ന മാനസിക മാനസിക പ്രശ്‌നങ്ങള്ക്ക് പരിഹാരത്തിനായി ആത്മയുമായി ബന്ധപ്പെടാം.