ദേഷ്യം

November 7, 2023

ഒരു 18 വയസ്സുകാരന്‍എനിക്കയച്ച മെസ്സേജാണിത്…..

എനിക്ക് ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് ദേഷ്യമാണ്, ചുറ്റുമുള്ളതൊന്നും ചുറ്റുമുള്ളവരെ ഒന്നും ആ സമയത്ത് ശ്രദ്ധിക്കാറില്ല ദേഷ്യം തീരുന്നത് വരെ ഞാന്‍ അവരോട് കയറത്ത് സംസാരിക്കും അല്ലെങ്കില്‍ ശാരീരികമായി ഉപദ്രവിക്കും. ഇതു കാരണം എനിക്കിപ്പോള്‍ നല്ല സൗഹൃദമോ, സുഹൃത്തുക്കളോ ഇല്ല. സ്‌നേഹിച്ചു കൊണ്ടിരുന്ന കുട്ടിപോലും ഉപേക്ഷിച്ചു പോയി… എന്റെ ഈ ദേഷ്യം എനിക്ക് കുറയ്ക്കാന്‍ സാധിക്കുമോ ? ഡോക്ടര്‍ എന്നെ ഒന്ന് സഹായിക്കണം

ദേഷ്യം എന്നത് അത്ര നല്ല കാര്യമൊന്നുമല്ലെന്ന് നമ്മുക്കെല്ലാവര്‍ക്കുമറിയാം. എന്നാലും ദേഷ്യപ്പെടാത്തവര്‍ വളരെ ചുരുക്കമാണ്. ഇന്നത്തെ പുതിയ തലമുറയില്‍ ദേഷ്യം ഉണ്ടെങ്കില്‍ മാത്രമാണ് എനിക്ക് എല്ലാവരില്‍ നിന്നും ശ്രദ്ധ കിട്ടുക എന്ന് ചിന്തിക്കുന്നവരുമുണ്ട്. ഇതിനുദാഹരനമായി കലിപ്പന്‍ന്റെ കാന്താരി.

എന്താണ് ഈ ദേഷ്യം ?
നമ്മള്‍ മറ്റുള്ളവരില്‍ നിന്നും പലകാര്യങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചതുപ്പോലെ നടക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന ഒരു സ്വഭാവികവും ആരോഗ്യകരവുമായ വികാരമാണ് ദേഷ്യം. ഇത് നാം എങ്ങനെ പ്രകടമാക്കുന്നു എന്നതനുസരിച്ച് ദേഷ്യത്തിന്റെ ഘടനയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. പ്രധാനമായും രണ്ട് തരത്തിലായിരിക്കും പ്രകടമാക്കുന്നത്. ഒന്ന് വളരെ വേഗത്തില്‍ ദേഷ്യം വരുകയും എന്നാല്‍ അതിനെ അതുപോലെ തന്നെ നിയന്ത്രിക്കുവാന്‍ കഴിയുന്നവരും. രണ്ടാമതെക്കൂട്ടര്‍ വളരെ വേഗത്തില്‍ തന്നെ ദേഷ്യം വരുകയും എന്നാല്‍ നിയന്ത്രിക്കാന്‍ സാധിക്കാതെയും ദീര്‍ഘക്കാലം നീണ്ടു നില്‍ക്കുകയും ചെയ്യുന്നവര്‍.

ദേഷ്യം എന്നത് ഒരു സാധാരണവും ആരോഗ്യകരവുമായ വികാരമാണ്. എന്നാല്‍ അതിനെ പോസിറ്റീവായി കൈകാര്യം ചെയ്യേണ്ടത് പ്രധാനമാണ്. അനിയന്ത്രിതമായ കോപം നിങ്ങളുടെ ആരോഗ്യത്തെയും ബന്ധങ്ങളെയും ഒരുപോലെ ബാധിക്കും. ശാരീരികാരോഗ്യം ഉയര്‍ന്ന കോപത്തില്‍ നിരന്തരം പ്രവര്‍ത്തിക്കുന്നത് നിങ്ങളെ ഹൃദ്രോഗം, പ്രമേഹം, ദുര്‍ബലമായ പ്രതിരോധ ശേഷി, ഉറക്കമില്ലായ്മ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. വിട്ടുമാറാത്ത ദേഷ്യം വലിയ അളവിലുള്ള മാനസിക ഊര്‍ജ്ജം ഉപയോഗിക്കുകയും നിങ്ങളുടെ ചിന്തയെ മങ്ങിക്കുകയും ചെയ്യുന്നു, ഇത് ശ്രദ്ധ കേന്ദ്രീകരിക്കാനോ ജീവിതം ആസ്വദിക്കാനോ ബുദ്ധിമുട്ടാക്കുന്നു, കൂടാതെ ദേഷ്യം നിങ്ങള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ആളുകളില്‍ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. അക്രമാസക്തമായ കോപം ഉള്ളവരെ വിശ്വസിക്കാനോ സത്യസന്ധമായി സംസാരിക്കാനോ മറ്റുള്ളവര്‍ക്ക് എപ്പോഴും ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച് കുട്ടികള്‍ക്ക.്

ദേഷ്യത്തെ എങ്ങനെ നിയന്ത്രിക്കാം ?
ദേഷ്യം നിങ്ങളെ നിയന്ത്രിക്കുന്നതിന് മുമ്പ് ദേഷ്യത്തെ നിങ്ങള്‍ നിയന്ത്രിക്കാന്‍ പഠിക്കണം. ദേഷ്യം അഥവാ കോപം നിയന്ത്രിക്കുക എന്നത് കൊണ്ടുദ്ദേശിക്കുന്നത് ദേഷ്യം എന്ന വികാരത്തെ നിങ്ങളില്‍ നിന്നും പൂര്‍ണമായി എടുത്ത് മാറ്റുവാന്‍ വേണ്ടിയല്ല. കാരണം ഒരിക്കലും ദേഷ്യപ്പെടാതിരിക്കുക എന്നത് ആരോഗ്യകരമായ ലക്ഷ്യമല്ല. നിങ്ങള്‍ എത്ര ശ്രമിച്ചാലും ദേഷ്യം പുറത്തുവരും. ദേഷ്യം നിയന്ത്രിക്കുന്നതിന്റെ യഥാര്‍ത്ഥ ലക്ഷ്യം ദേഷ്യത്തിന്റെ വികാരങ്ങളെ അടിച്ചമര്‍ത്തലല്ല, മറിച്ച് വികാരത്തിന് പിന്നിലെ സന്ദേശം മനസിലാക്കുകയും നിയന്ത്രണം നഷ്ടപ്പെടാതെ ആരോഗ്യകരമായ രീതിയില്‍ പ്രകടിപ്പിക്കുകയും ചെയ്യുക എന്നതാണ്. നിങ്ങള്‍ അങ്ങനെ ചെയ്യുമ്പോള്‍, നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ നന്നായി കൈകാര്യം ചെയ്യാനും നിങ്ങളുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും നിങ്ങള്‍ക്ക് സാധിക്കും.

ദേഷ്യം വരുന്ന വിഷയത്തില്‍നിന്ന് മനസ്സിന്റെ ശ്രദ്ധ മാറ്റുക.
എനിക്ക് ദേഷ്യപ്പെടാതിരിക്കാന്‍ സാധിക്കും എന്ന് സ്വയം ഉറച്ച് വിശ്വസിക്കുവാന്‍ ശ്രമിക്കുക.

നിങ്ങളുടെ വികരാങ്ങള്‍ മനസ്സിലാക്കാനും നിയന്ത്രിക്കാനും ശ്രമിക്കുന്നതു പോലെ മറ്റുള്ളവരുടെ വികാരങ്ങളെയും മനസ്സിലാക്കുക.
നിങ്ങളുടെ ചിന്തകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുക.

ദേഷ്യം വരുന്ന സാഹചര്യങ്ങളില്‍ ഹ്യൂമര്‍ ഉപയോഗിക്കുക.
ഞാന്‍ വലിയ ദേഷ്യക്കാരനാണ് എന്ന ചിന്ത ഉപേക്ഷിക്കുക.

ദീര്‍ഘശ്വാസം എടുക്കുകയും പുറത്തേയ്ക്ക്് കളയുകയും ചെയ്യുക.

മുന്‍കോപമുള്ള വ്യക്തിയോടുള്ള സമീപനം എങ്ങനെ?
അവരെ മനസ്സിലാക്കുകയും, കൂടുതല്‍ ദേഷ്യം വരുന്ന വിഷയങ്ങള്‍ അവരുടെ മുമ്പില്‍ നിന്നും അവതരിപ്പിക്കാതിരിക്കുകയും ചെയ്യുക.

ദേഷ്യം നിയന്ത്രിക്കാന്‍ എത്ര ശ്രമിച്ചിട്ടും സാധിക്കാത്ത വ്യക്തിയാണോ നിങ്ങള്‍..? ചികിത്സയും തെറാപ്പിക്കളും നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് ദേഷ്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് കരുതുന്നുവെങ്കില്‍, ആത്മയിലേയ്ക്ക് വിളിക്കുക ഞങ്ങള്‍ക്ക്് നിങ്ങളെ സഹായിക്കാനും ഒരു ചികിത്സാ പദ്ധതി തയ്യാറാക്കി നിങ്ങളെയും നിങ്ങളുടെ ഭാവിയെയും സംരക്ഷിക്കുവാന്‍ സാധിക്കും.