നിങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ മക്കളെ വളര്‍ത്തുന്നത്?

November 7, 2023

നിങ്ങള്‍എങ്ങനെയാണ് നിങ്ങളുടെ മക്കളെ വളര്‍ത്തുന്നത് തെറ്റും ശരിയും വളരെ ക്ഷമയോടെ പറഞ്ഞ് കൊടുത്ത് കൊണ്ടാണോ അതോ നിങ്ങളുടെ വാശി അവരുടെ മേല്‍ അടിച്ചേല്‍പിച്ചാണോ ? ഒന്ന് ചിന്തിച്ച് നോക്കണം. കാരണം ഇന്ന് പല യുവതി യുവാക്കളും സമൂഹത്തിന് എതിരായി മാറിയതിന് പിന്നില്‍ പലപോഴും അവരുടെ മാതാപിതാക്കളാണെന്ന് നമ്മുക്ക് മനസ്സിലാകും. നമ്മള്‍ മുതിര്‍ന്നവര്‍ ഒരുമിച്ചിരുന്ന് ഇന്നതെ തലമുറയാകെ നശിച്ച് പോയി കൈവിട്ട് പോയി എന്നൊക്കെ പറയുന്നതിനും മുമ്പേ നമ്മള്‍ നമ്മളിലേയ്ക്ക് തന്നെ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതായിരിക്കും. നമ്മള്‍ എങ്ങനെയാണ് നമ്മുടെ മകളെ വളര്‍ത്തിയത് നമ്മുടെ ഇഷ്ടത്തിന് മാത്രം പ്രാധാന്യം നല്‍കി കൊണ്ടാണോ അതോ മക്കളുടെ ഇഷ്ടങ്ങള്‍ക്ക് മാത്രം അനുസരിച്ചാണോ ? പണ്ട് ഒരു ചൊല്ല് ഉണ്ടായിരുന്നു ‘ എല്ലാം നല്‍കിയത് കൊണ്ടു മാത്രം നിങ്ങള്‍ നല്ല അച്ഛനും അമ്മയും ആകുന്നില്ല , എന്നാല്‍ ഒന്നും നല്‍കാതിരുന്നാലും നല്ല അച്ഛനും അമ്മയും ആ കുന്നില്ല. ഇതിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത് ഇന്നതെ തലമുറയിലെ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ്. പലപോഴും മാതാപിതാക്കള്‍ കരുത്തുന്നത് അവര്‍ പറയുന്നതെല്ലാം വാങ്ങി നല്‍കിയാല്‍ എന്റെ കുട്ടി നന്നാവും ഞാനായിരിക്കും ഏറ്റവും നല്ല അമ്മ അല്ലെങ്കില്‍ അച്ഛന്‍ എന്നാണ്, എന്നാല്‍ ഇത് തെറ്റാണെന്ന് പറഞ്ഞാല്‍ അപ്പോള്‍ നിങ്ങള്‍ അവരെ അടിക്കുന്നതാണ് ശരിയെന്ന് കരുതും ഇതും തെറ്റാണ്. കാരണം കുട്ടികളുടെ മാനസികാരോഗ്യത്തെ വളരെ മോശമായി തന്നെയിത് ബാധിക്കും. പിന്നെയെന്താണ് ശരിയായത്?

‘പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ നല്ല തല്ലു വെച്ചുകൊടുക്കണം ‘

‘രണ്ട് അടി വെച്ച് കൊടുത്താ നന്നായിക്കോളും’

ഇന്ന് ഒരു അമ്മയും അച്ഛനും തങ്ങളുടെ മകളുടെ വിശേഷങ്ങളെ പറ്റി ചോദിച്ചപ്പോള്‍ ആദ്യം പറഞ്ഞ ഉത്തരവും പ്രതിവിധിയും ഇതൊക്കെയാണ്. ഇങ്ങനെയാണോ നിങ്ങള്‍ നിങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതും അവരെ നല്ലവരായി മാറ്റി എടുക്കുന്നതും?

കുട്ടികള്‍ നല്ല രീതിയില്‍ അല്ലെങ്കില്‍ നമ്മള്‍ ആഗ്രഹിക്കുന്നത് പോലെ വളര്‍ന്ന് വരണമെങ്കില്‍ നല്ല ശിക്ഷണം വേണമെന്നാണ് പണ്ടത്തെ ആളുകള്‍ പറയുന്നത്. എന്നാല്‍, സാഹചര്യങ്ങള്‍ ഇന്ന് പഴയത് പോലെയല്ല. പണ്ടത്തെ പോലെ ഒരു വടിയെടുത്ത് ഇന്നത്തെ കുട്ടികളെ തല്ലി നേരെയാക്കുന്നത് ശരിയായ രീതിയല്ല, കാരണം കുട്ടിക്കാലം മുതല്‍ തന്നെ വളരെ കര്‍ശനമായ സമീപനം പുലര്‍ത്തി അവരെ വളര്‍ത്തുകയാണെങ്കില്‍ കുട്ടികള്‍ തെറ്റായ ദിശയില്‍ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. പല മാതാപിതാക്കളും തങ്ങളുടെ മക്കളെ ശകാരിക്കുന്നത് തെറ്റി പോകാതിരിക്കാനുള്ള മാതാപിതാക്കളുടെ പരിശ്രമം മാത്രമായി ഈ കണിശ സ്വഭാവത്തെ കാണാം. അതേസമയം, ചിലപ്പോള്‍ മാതാപിതാക്കളുടെ ഈ കര്‍ശന സ്വഭാവം കുട്ടികളുടെ ശരിയായ മാനസിക വളര്‍ച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചേക്കാം.

ശിക്ഷണങ്ങള്‍ കുട്ടികളുടെ വൈകാരിക ബുദ്ധിയെ സ്വാധീനിക്കുകയും മറ്റ് കുട്ടികളൊടുള്ള പെരുമാറ്റവും സാമൂഹിക അവബോധം തുടങ്ങിയ കഴിവുകള്‍ വളരുന്നതില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും പ്രശ്‌നത്തില്‍ അകപ്പെടുമ്പോള്‍ ശിക്ഷണങ്ങള്‍ ഭയന്ന് കൊണ്ട് അവര്‍ കള്ളം പറയാന്‍ തുടങ്ങുകയും ഭാവിയില്‍ സത്യസന്ധതയെന്നത് അവരില്‍ ഇല്ലാതായി മാറുകയും ചെയ്യും. അത് കൊണ്ടുതന്നെ അവരെ ശിക്ഷിക്കാതെ നല്ലതും ചീത്തയും തമ്മിലുള്ള വ്യത്യാസവും ശരിയും തെറ്റുമെല്ലാം വേര്‍തിരിച്ചറിയാനുള്ള കഴിവുമെല്ലാം അവരില്‍ വളര്‍ത്തിയെടുക്കണമെങ്കില്‍ എല്ലാ കാര്യങ്ങളിലും അവരുടെ ഒപ്പം നിന്ന്‌കൊണ്ട് നേര്‍വഴിക്ക് നയിക്കേണ്ടതാണ്.

എല്ലാ കുട്ടികളും ജനനം മുതല്‍ വിദ്യാഭ്യാസ കാലഘട്ടം വരെ മാതാപിതാക്കളോടൊപ്പമാണ് ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ഈ സമയം മാതാപിതാക്കള്‍ കുട്ടികളെ പലതും പഠിപ്പിക്കുന്നു. അത് പോലെ തന്നെ മാതാപിതാക്കളില്‍ നിന്നും കുട്ടികളും പലതും പഠിക്കുന്നു. അതുകൊണ്ടാണ് മാതാപിതാക്കളെ കുട്ടികളുടെ പ്രഥമ അധ്യാപകര്‍ എന്ന് പറയുന്നത്. എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടിയെ വളരെയധികം സ്നേഹിക്കുന്നുണ്ട്. കുട്ടിക്കാലത്തെ അവരുടെ ചെറിയ തെറ്റുകള്‍പോലും നിങ്ങള്‍ അവര്‍ക്ക് പറഞ്ഞ് മനസ്സിലാക്കി നല്‍കണം . തെറ്റുകള്‍ പറഞ്ഞ് തിരുത്താതിരുന്നാല്‍, ചിലപ്പോള്‍ അവര്‍ വളരെ ധാര്‍ഷ്ട്യമുള്ളവരായി മാറുന്നതായി നമ്മുക്ക് കാണാന്‍ സാധിക്കും.

നിങ്ങള്‍ നിങ്ങളുടെ മക്കളെ നല്ല വ്യക്തികള്‍ ആക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

– സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ കുട്ടിയെ ശീലിപ്പിക്കണം.
പുസ്തകങ്ങള്‍ അടുക്കി വക്കുക, കഴിച്ച പാത്രം കഴുകി വക്കുക, എടുത്ത സാധനങ്ങള്‍ അവിടെ തന്നെ തിരിച്ചു വക്കുക, അടുക്കും ചിട്ടയോടും കൂടി സ്വന്തം സാധനങ്ങള്‍ സൂക്ഷിക്കുക തുടങ്ങി ചെറിയ കാര്യങ്ങളില്‍ തുടങ്ങാം.

– മാതാപിതാക്കള്‍ സമയം കണ്ടെത്തുക
കുട്ടികളുമായി ചെലവഴിക്കാന്‍ പറ്റുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ മാതാപിതാക്കള്‍ ശ്രമിക്കണം. കുട്ടിക്ക് എന്തും തുറന്നുപറയാന്‍ പറ്റുന്ന അന്തരീക്ഷം വീട്ടിലുണ്ടാക്കിയെടുക്കണം.

– അംഗീകാരങ്ങള്‍ നല്‍കാം
കുട്ടികളുടെ നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുക. ചെറിയ കാര്യങ്ങളിലും അവരെ അഭിനന്ദിക്കുക. നമ്മുടെ നല്ല വാക്കുകള്‍ അവരില്‍ പോസിറ്റീവ് ആറ്റിട്യൂഡ് ഉണ്ടാക്കുവാന്‍ സഹായിക്കുന്നു.

– വീട്ടിലെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞുവേണം കുട്ടിയും വളരാന്‍.
കുട്ടി എന്ത് ആവശ്യപ്പെട്ടാലും അപ്പോള്‍ തന്നെ അത് വാങ്ങിക്കൊടുക്കുന്ന രീതിയാണ് മാതാപിതാക്കളില്‍ പലരും ചെയ്യുന്നത്. എന്നാല്‍ അതിനു പകരം അവര്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി കൊടുക്കുകയും എന്ത് കൊണ്ട് അവരുടെ ചില ആവശ്യങ്ങള്‍ നടത്തികൊടുക്കുന്നില്ല എന്നതും വളരെ കൃത്യമായി പറഞ്ഞു മനസിലാക്കുക.

– നിങ്ങളുടെ ആഗ്രഹങ്ങളെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്
കുട്ടിക്ക് താല്പര്യമില്ലാത്ത കാര്യങ്ങള്‍ ചെയ്യാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നത് ഗുണത്തേക്കാള്‍ ദോഷമുണ്ടാക്കും അതുപോലെ തന്നെ, നമ്മുടെ ആഗ്രഹങ്ങളെ കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. പകരം അവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുക. ആ സ്വപ്നത്തിലേക്ക് അവരെ നയിക്കുവാന്‍ പരിശ്രമിക്കുക.

– സ്നേഹം പ്രകടിപ്പിക്കണം
മക്കളോടുള്ള സ്നേഹം പ്രകടമാക്കാതിരിക്കരുത്, അത്‌പോലെ തന്നെ അമിതമായി സ്നേഹിക്കുകയും ചെയ്യരുത്. അവരുടെ ചെറിയ തെറ്റുകളെ ശിക്ഷിക്കാത്തെ പറഞ്ഞു മനസ്സിലാക്കി കൊടുക്കണം.

– തല്ലി പഠിപ്പിക്കരുത്
കുട്ടികളെ പഠിപ്പിക്കുമ്പോള്‍ തല്ലുകയും ദേഷ്യപ്പെടുകയും ചെയ്യരുത്, ഇത് നിങ്ങളുടെ കുട്ടിയുടെ മാനസികമായ വളര്‍ച്ചയെ ബാധിക്കും.

നിങ്ങളുടെ മക്കള്‍ നിങ്ങളില്‍ നിന്നുതന്നെയാണ് അവരുടെ ജീവിതത്തിലെക്കു വേണ്ട കാര്യങ്ങളില്‍ ഭൂരിഭാഗവും പഠിക്കുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ കുട്ടിക്ക് നിങ്ങള്‍ നല്ലൊരു മാതൃകയായിരിക്കണം. നിങ്ങള്‍ ചെയ്യുന്നതിലെ ശരിതെറ്റുകള്‍ സ്വയം കണ്ടുമനസ്സിലാക്കി ഭാവിയില്‍ അവര്‍ നിങ്ങളെപ്പോലെ ആയിരിക്കാന്‍ ആണ് ശ്രമിക്കുക. അതിനാല്‍ മക്കളില്‍ മാറ്റം ഉണ്ടാക്കുന്നതിനെക്കാള്‍ മുമ്പ് നിങ്ങളില്‍ മാറ്റം ഉണ്ടാക്കിയെടുക്കുക. അവരുടെ നല്ലൊരു നാളേക്കായി ഇന്ന് തന്നെ നിങ്ങളും മാറിതുടങ്ങുക.
കുട്ടികളെ സംബന്ധിച്ച എന്തെങ്കിലും വിഷയങ്ങളിൽ സഹായം ആവശ്യമാണെങ്കിൽ വിളിക്കാം ആത്മയിലേക്ക്.