പ്രണയം നല്ലതാണ് പക്ഷേ ഒരു പ്രണയത്തിലൂടെ പ്രാണൻ നഷ്ടമായാല്‍ ആ പ്രണയം നല്ലതാകുമോ ..?

November 7, 2023

ഇന്നത്തെ സമൂഹത്തില്‍ജാതിയും മതവും പണവും അധികാരവും എല്ലാം കൂടി ഇണ ചേര്‍ന്നതാണ് പ്രണയത്തിന്റെ അടിസ്ഥാന യോഗ്യത. അല്ലെങ്കില്‍ വെറും ഒരു ടൈം പാസ്സ് ആയും ചില സ്വാര്‍ത്ഥ താല്പര്യത്തിനും വേണ്ടി ഉള്ള പ്രണയം, മിക്ക പ്രണയങ്ങളും കാണിച്ചു തരുന്നത് ഒരു കാര്യം തന്നെ. ഏറ്റവുമൊടുവിലായി പെരുമ്പാവൂര്‍ സ്വദേശിനി അല്‍ക്ക അന്ന ബിജുവിന്റെ കൊലപാതകത്തിലും കാരണം പ്രണയ നഷ്ടം തന്നെ. കൊലയാളി ബേസില്‍ ഈ മാസം അഞ്ചാം തീയതിയാണ് അല്‍ക്കയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ അല്‍ക്ക ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു. പ്രണയം നിരസിച്ചതിന്റെ പേരില്‍ മാത്രം കൊല ചെയ്യപ്പെടുന്നവരില്‍ ഏറ്റവും അവസാനത്തെയാളാകില്ല അല്‍ക്ക. ആദ്യത്തെ ആളുമല്ല അല്‍ക്ക…തിരുവല്ല സ്വദേശിനി കവിത,കോഴിക്കോട് തിക്കൊടിയില്‍ കൃഷ്ണപ്രിയയുടെ മരണം, ബിടെക് വിദ്യാര്‍ത്ഥിനി നീതു,…ഈ അതിക്രമങ്ങള്‍ സ്ത്രീകള്‍ക്ക് നേരെ മാത്രമല്ല സ്ത്രീകള്‍ മുഖേന പുരുഷന്മാരും അക്രമണങ്ങള്‍ക്ക് വിധേയരാവുന്നുണ്ട്. പാറശാല ഷാരോണ്‍ കൊലപാതകം, പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറാവാതിരുന്ന കാമുകനെ ചെറുന്നിയൂര്‍ സ്വദേശിയായ ലക്ഷ്മി പ്രിയ ക്വട്ടേഷന്‍ നല്‍കി വിവസ്ത്രനാക്കി മര്‍ദ്ദിച്ചത് അങ്ങനെ നീളുന്നു പ്രണയത്തിലൂടെ പ്രാണൻ നഷ്ടമായവര്‍.

യുവതലമുറയ്ക്ക് അംഗീകരിക്കാനുള്ള മാനസികാവസ്ഥ നഷ്ടപ്പെട്ടപെട്ടിരിക്കുകയാണ് നല്ല കുടുംബ ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള സാമൂഹിക കാഴ്ചപ്പാടുകള്‍ മനുഷ്യ ബന്ധങ്ങളില്‍ ഇടിവ് വരുത്തുകയാണ്. യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന ആക്രമണോത്സുകത എത്രമാത്രം ഭീതിതമായ അന്തരീക്ഷം ആണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് എന്നതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് നഴ്സിംഗ് വിദ്യാര്‍ത്ഥിയുമായ അല്‍ക്ക. പ്രണയ ബന്ധങ്ങളിലെ അംഗീകരിക്കാനുള്ള മാനസികാവസ്ഥ യുവതലമുറയ്ക്ക് നഷ്ടപ്പെടുന്നു. ആരോഗ്യകരമായ കുടുംബ ബന്ധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. പങ്കാളിയെ മനുഷ്യജീവിയായി അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തിന് നഷ്ടപ്പെടുന്നു. പെണ്‍കുട്ടികള്‍ക്ക് വിധേയത്വ മനോഭാവം വേണമെന്നും പുരുഷന് വഴങ്ങി കൊടുക്കുന്നവരായി അവര്‍ ജീവിക്കണമെന്ന ബോധം ആഴത്തില്‍ ആണ്‍കുട്ടികളില്‍ പതിഞ്ഞിരിക്കുകയാണ.് ഇത് പലപ്പോഴും പെണ്‍ക്കുട്ടികളിലും ഉണ്ടാകുന്നുണ്ട്.

ഇത്തരം സാമൂഹിക കാഴ്ചപ്പാടുകള്‍ മാറേണ്ടതുണ്ട്. പ്രത്യേകിച്ചും വിദ്യാസമ്പന്നരായ ആളുകളുടെ ഇടയിലുള്ള ഇത്തരം ദുഷ്പ്രവണതകള്‍ വര്‍ധിച്ചു വരുന്നതായാണ് നമ്മള്‍ കാണുന്നത്. പ്രണയബന്ധങ്ങള്‍ക്കപ്പുറം വ്യക്തിബന്ധങ്ങളിലും സൗഹൃദങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലും അങ്ങനെ സകല മാനുഷിക ബന്ധങ്ങളെയാകെ തന്നെ വികലമാക്കുന്ന ഈ തെറ്റിധാരണകളെ സമൂഹത്തില്‍ നിന്ന് വേരോടെ പറിച്ചു കളയേണ്ടത് ഒരു സാമൂഹിക ഉത്തരവാദിത്തം കൂടിയാണ് എന്ന് പൊതു സമൂഹം മനസ്സിലാക്കേണ്ടതുണ്ട്. വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും മുന്നോട്ടുപോകാന്‍ പരസ്പരസ്നേഹവും ബഹുമാനവും ആവശ്യമാണ്. നമ്മള്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഈ ഡിജിറ്റല്‍ യുഗത്തില്‍ നമ്മുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ കഴിയുന്ന വിധത്തിലുള്ള സാമൂഹ്യപരമായ ഇടപെടലുകളുടെ സാധ്യതകളെയാണ് നാം കൂടെകൂട്ടെണ്ടത്. ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെയായിരിക്കണമെന്നും, മോശം ബന്ധങ്ങളില്‍ നിന്നും പിന്തിരിഞ്ഞു നടക്കാന്‍ തീരുമാനിക്കുന്ന വ്യക്തിയുടെ അഭിപ്രായത്തെ അതെ അളവില്‍ പരിഗണിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാതെ വരുന്നിടത്താണ് പ്രണയം പകയായും, മരണമായും മാറുന്നത്.

പ്രണയം ടോക്‌സിക്കാവുന്നതിന്റെ സൂചനകള്‍

– നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍
സ്‌നേഹത്തിന്റയും കരുതലിന്റെയും പേരുപറഞ്ഞ് ഇടംവലം തിരിയാന്‍ നിങ്ങളെ അനുവദിക്കാതെ ഇരിക്കുകയും വ്യക്തിപരമായ കാര്യങ്ങളില്‍പോലും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യു ന്നത് അപകടകരമായ ബന്ധത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്.

– പങ്കാളിക്കുവേണ്ടി ഇഷ്ടങ്ങള്‍ ഹനിക്കേണ്ടി വരുമ്പോള്‍
ബന്ധങ്ങളില്‍ വിട്ടുവീഴ്ചകള്‍ വേണ്ടിവരുക സ്വാഭാവികമാണ്. എന്നാല്‍ നിങ്ങളുടെ ഇഷ്ടങ്ങ ളെല്ലാം മാറ്റിവെച്ച് പങ്കാളിയുടെ ഇഷ്ടങ്ങള്‍ക്ക് മാത്രമനുസരിച്ച് ജീവിക്കേണ്ടിവരുന്നെങ്കില്‍ നിങ്ങള്‍ സുഖകരമായ ഒരു ബന്ധത്തിലല്ല എന്നുവേണം കരുതാന്‍.

അപകടകരമായ ബന്ധത്തില്‍നിന്ന് പുറത്തുകടക്കാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍, അതിനായി മുന്‍കൂട്ടി തയ്യാറെടുക്കണം. മുന്നോട്ട് എങ്ങനെ പോകണം എന്നും എങ്ങനെ ജീവിക്കണം എന്നും വ്യക്തമായ ഒരു ധാരണ മനസ്സിലുണ്ടാകണം. നിങ്ങളുടെ സ്വപ്നങ്ങള്‍, ഇഷ്ടങ്ങള്‍ എന്നിവ എങ്ങനെ പ്രാവര്‍ത്തികമാക്കാം എന്ന് ആലോചിക്കണം. നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് നല്ലതാണ്. ഒരു ഹോബി ക ണ്ടെത്തുന്നത് ഒരുപരിധിവരെ ശക്തമായ വഴിതിരിച്ചുവിടലാണ്. നിങ്ങള്‍ ആസ്വദിക്കുന്നതോ അല്ലെങ്കില്‍, കുറച്ച് സമയത്തേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നതോ ആയ എന്തെങ്കിലും തിരഞ്ഞെടുക്കുക. മറ്റൊരാളെ തൃപ്തിപ്പെടുത്തുക എന്ന ഉദ്ദേശ്യങ്ങളൊന്നുമില്ലാതെ, നിങ്ങള്‍ ചെയ്യാന്‍ വേണ്ടിമാത്രം ചെയ്യുന്ന ചിലത്. സന്നദ്ധപ്രവര്‍ത്തനവും നല്ല ആശയമാണ്.

എങ്ങനെയാണ് പുതിയ തലമുറ സുരക്ഷിതമായി വളര്‍ന്ന് വരുന്ന ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ നമുക്ക് സാധിക്കുക?

വീടുകളില്‍ ആണ്‍പെണ്‍ തുല്യത ഉറപ്പുവരുത്തണം.

തനിക്ക് ദോഷമായി വരുന്ന കാര്യങ്ങളെ നോ എന്ന് പറയുവാന്‍ പഠിപ്പിക്കുക. അത് പോലെ തന്നെ നോ എന്നത് പൂര്‍ണ മനസ്സോടെ അംഗീകരിക്കാനും പഠിപ്പിക്കുക.

ടോക്‌സിക് റിലേഷന്‍ഷിപ്പുകള്‍ ആദ്യമേ തന്നെ തിരിച്ചറിഞ്ഞ് അവ അവസാനിപ്പിക്കേണ്ടത് നമ്മുടെ ശാരീരിക മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനുമൊക്കെ വളരെ അത്യാവശ്യമാണ്. കൃത്യ സമയത്ത് അവസാനിപ്പിക്കാത്ത ഇത്തരം വിഷമയമായ റിലേഷന്‍ഷിപ്പുകളാണ് പിന്നീടൊരു ആസിഡ് ആക്രമണമോ സൈബര്‍ അപകീര്‍ത്തിയോ, കോലക്കത്തിയുമൊക്കെയായി മാറുന്നത്. ഇത്തരം ബന്ധങ്ങളില്‍ പൊതുവേ കണ്ട് വരുന്നത് രണ്ട് കാര്യങ്ങളാണ്. ഒന്ന് തെറ്റായ വ്യക്തികള്‍ക്ക് നമ്മുടെ സ്വാന്ത്രത്തിന്റെയും ആഗ്രഹങ്ങളുടെയും താക്കോല്‍ നല്‍ക്കുന്നു. രണ്ട് നമ്മളോട് മോശമായി പെരുമാറാന്‍ അവരെ അനുവദിക്കുന്നു. ഈ പെരുമാറ്റ വൈകല്യങ്ങളാണ് ബന്ധങ്ങളില്‍ വിഷലിപ്തമാക്കുന്നത്. തിരിച്ചറിയാം തിരിക്കേ നടക്കാം.